സലഫികളെ ഭിന്നിപ്പിക്കുന്ന നാശത്തിന്റെ കോടാലികളാവാതിരിക്കുക നാം..!!

No Comment
Naseeha
198
0
20180524_144507.jpg

മസ്ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട സലഫീ ആലിമുമായ ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് രചിച്ച ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് ആമുഖം എഴുതിയിട്ടുള്ള ‘തൻബീഹു ദവിൽ അഫ്‌ഹാം’ എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:-

❝സലഫിയ്യത്തെന്നു പറഞ്ഞാൽ അതിരുകവിച്ചിലോ അവധാനതയില്ലാതെ ജർഹ് ചെയ്യലോ കുറ്റങ്ങൾ പരതിപ്പിടിക്കലോ ജനങ്ങളുടെ മേൽ കാര്യങ്ങൾ അടിച്ചേല്പിക്കലോ മറ്റുള്ളവരുടെ വാക്കുകൾ കോട്ടി മാട്ടലോ ‘വിശ്വസ്തർ പറഞ്ഞു’ എന്ന് പറഞ്ഞു ആളുകളെ തള്ളിക്കളയലോ വ്യക്തികളോട് പക്ഷപാതിത്വം കാണിക്കലോ വ്യക്തികളെ വിലയിരുത്താനുള്ള അധികാരം ചില ഉലമാക്കളിൽ മാത്രം പരിമിതപ്പെടുത്തലോ നസ്വീഹത്തു കൊടുക്കുന്നതിനു മുമ്പ് ആക്ഷേപിക്കലോ ഉറപ്പുവരുത്താതെ ‘കാഫിർ’, ‘മുബ്‌തദിഅ്‌’, ‘ഫാസിഖ്’ എന്നൊക്കെ ആളുകളെ വിധിക്കലോ ആരെങ്കിലും വന്നു പറയുന്ന റിപ്പോർട്ടുകൾ തിരക്കിട്ട് വിശ്വസിച്ചു പ്രചരിപ്പിക്കലോ ആളുകളെ പറ്റി വിധിക്കുമ്പോൾ തങ്ങളുടെ വാക്കുകളുടെ അനന്തരഫലങ്ങൾ പരിഗണിക്കാതെ തോന്നിയത് പറയലോ ഒന്നുമല്ല.

അല്ലാഹു തആല പറഞ്ഞിരിക്കുന്നു:

وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا

“സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.”
(സൂറത്തുൽ അഹ്സാബ്:58)

ഹദീസിൽ വന്നതായി കാണാം.

“ആരാണോ ഒരു മുഅ്‌മിനിനെപറ്റി ഇല്ലാത്തത് പറയുന്നത്, അല്ലാഹു അവനെ നരകാവകാശികളുടെ ചീഞ്ഞളിഞ്ഞ ചലത്തിൽ പ്രവേശിപ്പിക്കും.”

അതുകൊണ്ട് വിദ്യാർത്ഥികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക..
ദഅ്‌വത്തിന്റെ നട്ടെല്ലിൽ പതിക്കുന്ന, ദഅ്‌വത്തിനെ വഴിതിരിച്ചു വിടുന്ന, സലഫികളെ പലതരം കക്ഷികളാക്കി ഭിന്നിപ്പിക്കുന്ന-നാശത്തിന്റെ കോടാലികളാവാതിരിക്കാൻ നിങ്ങൾ സൂക്ഷിക്കുക.

സത്യം പറഞ്ഞാൽ ഇത് വളരെ ഇടുങ്ങിയ കക്ഷിത്വപരമായ ഒരു മൻഹജാണ്. ഒരേ മൻഹജിന്റെ ആളുകൾക്കിടയിൽ കക്ഷിത്വവും ഭിന്നിപ്പും ഉണ്ടാക്കുന്ന പുതിയ രീതി. ഇതിനെത്തുടർന്ന് കുറെ വിവരംകെട്ട ശിശുക്കളെ വലുതാക്കി കാണിക്കാൻ തുടങ്ങി. സലഫികളായ തുല്ലാബുകളുടെയും മശായിഖിന്റെയും വിഷയത്തിൽ വരെ ഇത്തരക്കാർ- അവരിൽ പലരും പുതുമുസ്ലിങ്ങൾ വരെയാണ്- സംസാരിക്കാൻ തുടങ്ങി.

മാത്രമല്ല അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് പലരെയും തടയാൻ ഇതു കാരണമായി.

മുസ്ലിങ്ങൾ ന്യൂനപക്ഷമായ പല സ്ഥലങ്ങളിലും അവർ ജഹ്‌ലിൽ തന്നെ തുടരുന്നു! അവർക്കിടയിൽ ഭിന്നിപ്പും ആശയക്കുഴപ്പങ്ങളും പ്രചരിക്കുന്നു. പരസ്പരം ആയുധമെടുത്തവർ പോലും അവർക്കിടയിലുണ്ട്! അവരാകട്ടെ കാഫിർ രാജ്യങ്ങളിലാണ് കഴിയുന്നത്!

പല സ്ഥലങ്ങളിലും പല ദർസുകളും ദൗറകളും നിലച്ചുപോയി. കാരണം അവിടങ്ങളിലൊക്കെയുള്ള സലഫി യുവാക്കൾ തമ്മിൽ തമ്മിൽ ഖണ്ഡിക്കുന്ന തിരക്കിലാണ്. അവർ ഇൽമ് ഉപേക്ഷിച്ചു ഖാല-ഖീലകൾക്കു പുറകെ പോയിരിക്കുകയാണ്!!

സലഫിയായ ത്വാലിബുൽ ഇൽമ് ഒന്നിപ്പിക്കുന്നവനാണ്, ഭിന്നിപ്പിക്കുന്നവനല്ല.

അവൻ ജനങ്ങളെ ഖുർആനിലും സുന്നത്തിലും ഒരുമിപ്പിക്കും. ഹിസ്ബികളെ പോലെ വെറുതെ ആളെക്കൂട്ടുകയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അവൻ ശരിയായ മൻഹജിൽ തന്റെ സഹോദരങ്ങളെ ഒരുമിച്ചു കൂട്ടാൻ കഠിന പരിശ്രമം ചെയ്യും. ഗുലുവ്വും അലംഭാവവും ഇല്ലാത്ത സ്വിറാത്തുൽ മുസ്തഖീമിൽ!

അവൻ ആളുകൾക്ക് സന്തോഷം വരുത്തും വെറുപ്പിക്കുകയില്ല. അല്ലാഹുവിനെ സദാ ഭയക്കും. തന്റെ സഹോദരങ്ങളെ ദ്രോഹിച്ച് അവൻ പാപ്പരാവുകയില്ല.

ഈ ഭിന്നിപ്പിന്റെ ഒരു പ്രധാന കാരണം ഖുർആനിനെയും സുന്നത്തിനെയും സലഫുകളുടെ അഥറുകളെയും പൂർണമായും മനസ്സിലാക്കാതെ ഒരറ്റം എടുത്ത് മറ്റു ഭാഗങ്ങളിൽ പറഞ്ഞതിന് എതിരായി ഉപയോഗിക്കുന്നതാണ്. ഒരു മസ്അലയിൽ സലഫുകൾ പറഞ്ഞിട്ടുള്ള എല്ലാ ഖൗലുകളും ഒരുമിച്ചു കൂട്ടാതെ ഒരു വാക്ക് മാത്രം കണ്ട് അത് പ്രചരിപ്പിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. അങ്ങനെ അവിടെ നിന്നും ഇവിടെ നിന്നുമായി കുറെ ഉദ്ധരണികൾ എടുത്ത് അവ സ്വന്തം സഹോദരന് നേരെ ഉപയോഗിച്ച് അവനെ സുന്നത്തിൽ നിന്നും പുറത്താക്കുന്നു! എന്നാൽ പുറത്താക്കിയവൻ തന്നെ ആ വിഷയത്തിലുള്ള സലഫുകളുടെ മൻഹജ് പൂർണമായി മനസ്സിലാക്കിയിട്ടില്ല!❞